Tuesday, November 1, 2011

പരസ്യമാക്കുന്ന രഹസ്യങ്ങള്‍





ഈയിടെയായി കാണുന്ന വാര്‍ത്തകള്‍, അദ്ഭുതം തന്നെ. "ഒളിച്ചോടിയ കാമുകീ കാമുകന്മാരെ പിടികൂടി, കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു." "സ്ത്രീ പീഡനം: യുവാവ് അറസ്റ്റില്‍, മൂന്നു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു." "ലോഡ്ജില്‍ അനാശാസ്യം: യുവാവിനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു."
എന്താണ് ഈ സ്ത്രീ പീഡനം? എന്താണ് അനാശാസ്യം? ഇതൊന്നുമറിയാത്തവരാണോ  നമ്മുടെ നീതിപാലകര്‍? ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിച്ചാല്‍, ബന്ധപ്പെട്ടാല്‍, ഒളിച്ചോടിയാല്‍ അതെങ്ങനെ സ്ത്രീ പീഡനമാകും? ശിക്ഷിക്കുമ്പോള്‍ ഒരാളെമാത്രം എങ്ങനെ ശിക്ഷിക്കും? തെറ്റ് ചെയ്യുന്ന പുരുഷന്റെ മാത്രം പേര് പുറത്തുപറഞ്ഞാല്‍ മതിയോ? അതെ 'അവകാശം' സ്ത്രീക്കും വേണ്ടേ? ഇരയുടെ കാര്യത്തില്‍ മാത്രമാണ് പേര് വെളിപ്പെടുത്താതിരിക്കെണ്ടത്. ഇവിടെ ഇരയല്ലല്ലോ.
         പിന്നെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പെരുകുന്ന പീഡന വാര്‍ത്തകള്‍. എന്തുകൊണ്ടാകാം ഈ വര്‍ധന? സമൂഹത്തിന്റെ സാംസ്കാരികാവബോധം കുറയുന്നത് ഒരു കാരണമാണ്. ഈ സ്ത്രീകളുടെ വസ്ത്രത്തിന്റെ വലിപ്പത്തില്‍ വന്ന കുറവും ഒരു കാരണമല്ലേ? മറയ്ക്കുന്നതിനു പകരം തുറന്നിടലാണല്ലോ ഇപ്പോള്‍ ഫാഷന്‍. യുവാക്കള്‍ പാന്റ്സ് താഴ്ത്തി ധരിച്ച് അടിവസ്ത്രം കാണിക്കുന്നതിനെതിരെ പോലിസ് നടപടിയെടുക്കുന്നു എന്ന് കേട്ടു. പക്ഷെ ഒരിടത്തും യുവതികള്‍ ശരീരമോ അടിവസ്ത്രമോ കാട്ടുന്നതിനെതിരെ നടപടിയെടുത്തതായി അറിവില്ല. നമ്മുടെ നാട്ടില്‍ തന്നെ വെറുതെ ഒന്ന് നോക്കൂ, എത്ര കാഴ്ചകള്‍ കാണാം. സിനിമയിലും പരസ്യങ്ങളിലും പുരുഷന്മാര്‍ പൂര്‍ണ്ണവസ്ത്ര ധാരികളാകുമ്പോള്‍ സ്ത്രീകളുടെ വേഷം എന്താണ്? (വെറുതെ സന്തോഷ്‌ പണ്ഡിറ്റിനെ മാത്രം പറയേണ്ടതില്ല).അല്ല, കൂടുതലും ആണുങ്ങളാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ഈ യുവതികളുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതുപോലും ആണുങ്ങളാകും. അപ്പോള്‍ ഇങ്ങനെയൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇങ്ങനെ അല്‍പ വസ്ത്രധാരികളായി നടക്കുന്ന സ്ത്രീകളുള്ള ലോകത്ത് പീഡനം വര്‍ധിക്കാതിരിക്കുന്നതെങ്ങനെ? സാരി പോലും നന്നായി ധരിച്ചില്ലെങ്കില്‍ വൃത്തികെട് തന്നെ. ഉള്ളിലുള്ളത് കാണാന്‍ കഴിയുന്ന വസ്ത്രമാണെങ്കില്‍ ഇവര്‍ പിന്നെ ഇതൊക്കെ ഇത്ര കഷ്ടപ്പെട്ട് ധരിക്കുന്നതെന്തിനാണ്?
          പുരുഷന്മാര്‍ ശരീര പ്രദര്‍ശനം നടത്തുന്നതിനേക്കാള്‍ ആപല്‍ക്കരമാണ് സ്ത്രീകളുടെ പ്രദര്‍ശനം. സ്ത്രീപീടനമാണ് പ്രശ്നം, അല്ലാതെ പുരുഷന്മാര്‍ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നു? പണ്ട് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. പൂവാലന്മാരെ പിടിക്കാനായി ഒരു പോലിസ് സ്ത്രീ വേഷം ധരിച്ചു സ്ത്രീ ചെഷ്ടകളുമായി ബസ്‌ സ്റ്റോപ്പില്‍ കാത്തുനിന്നതും പൂവാലന്മാരെ പിടിച്ചതും. പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ അപൂര്‍വ്വം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല തെറ്റ്, അത് കൊടുക്കുന്നതും തെറ്റാണ്. കൊച്ചു കുട്ടികള്‍ മുതലുള്ളവരുടെ കാര്യത്തില്‍ മാതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും അച്ഛന്മാര്‍ കൂടി പീടകരാകുമ്പോള്‍. അതിനു കൂട്ട് നില്‍ക്കുന്ന അമ്മമാര്‍ ഇവിടെ ഒരു ചര്‍ച്ചയും അര്‍ഹിക്കുന്നില്ല.
           ഇന്ന് രാവിലെ (31.10.2011, തിങ്കള്‍) ആലപ്പുഴ നിന്നും ചെങ്ങന്നൂരിലെക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ തിരുവല്ലയ്ക്കു വരവേ ബസ്സില്‍ കണ്ട ഒരു ചെറിയ സംഭവം. കണ്ടക്ടര്‍ മുമ്പില്‍ സ്ത്രീകളുടെ ഭാഗത്ത് ടിക്കറ്റ് കൊടുത്ത ശേഷം പിറകിലേക്ക് വരുമ്പോള്‍ ഒരു സ്ത്രീ കുറുകെ നില്കുന്നു. അവര്‍ക്ക് വലതുഭാഗത്തെക്ക് മാറാന്‍ ഇടമുണ്ടായിട്ടും ഒരു ഭാവഭെദവുമില്ലാതെ മാര്‍ഗതടസ്സമായി നില്‍ക്കുകയാണ്. കുറച്ചു സമയത്തെ കബടികളിക്ക് ശേഷം വലത്തെക്കുതന്നെ അപ്രിയത്തോടെ ഒതുങ്ങി. കണ്ടക്ടര്‍ പോയശേഷം വീണ്ടും തഥൈവ. കാറ്റില്‍ അവരുടെ സാരിത്തലപ്പ് താനേ വഴിമാറി. വിശാലമായ വയറും പുറവും പൊതുദര്‍ശനത്തിനായി വെച്ച് അവര്‍ യാത്രയിലാണ്. ചമ്പക്കുളം എത്താനായപ്പോഴാണ് മഹത്തായ ആ കാഴ്ച കണ്ടത്. അടുത്തിരുന്ന, ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്തിരുന്ന യുവതി ആ സ്ത്രീയുടെ സാരിത്തലപ്പ്‌ നേരെ പിടിച്ചു വെക്കുന്നു. എന്നിട്ടും അവര്‍ക്ക് യാതൊരു അനക്കവുമില്ലെന്നുള്ളത് വേറെ കാര്യം.

പ്രലോഭനങ്ങളുമായി സ്ത്രീ ജനങ്ങള്‍ പരക്കം പായുമ്പോള്‍ പുരുഷന്മാരെ മാത്രം കുറ്റം പറയണോ?

1 comment:

  1. "പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ അപൂര്‍വ്വം."
    ഈ വാചകത്തിന് എന്ത് കൊണ്ടോ ഒരു ന്യായീകരണ ചുവ അനുഭവപ്പെടുന്നു.. കമിതാക്കള്‍ ഒരുമിച്ചു കഴിഞ്ഞാലും ആവശ്യത്തിന് ശേഷം പെണ്ണിനെ ഉപേക്ഷിക്കുന്ന ആണ് സത്യത്തില്‍ അവളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? പ്രണയിക്കുമ്പോള്‍ പ്രണയിത്താവിനെ കണ്ണുമടച്ചു വിശ്വസിക്കുന്നവര്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അനുഭവിക്കുന്ന മാനസികമായ തകര്‍ച്ചയാണ് ആ കാര്യത്തിലെ പീഡനം...
    പിന്നെ രഹസ്യമായവയെ പരസ്യമാക്കുന്ന സ്ത്രീകള്‍..., അവരും ഞരമ്പ്‌ രോഗികളാണ്.പെണ്ണായി ജനിച്ച്ചവരെയെല്ലാം അധമ ചിന്തയോടെ നോക്കുന്ന ചില ആണുങ്ങളെപ്പോലെ തന്നെ...!
    സംസ്കാരം തൊട്ടു തീണ്ടാത്ത, മനസ്സില്‍ മര്യാദയില്ലാത്തതിനെ കൊതിക്കുന്ന ജന്തുക്കള്‍....,

    അങ്ങനുള്ള ജന്തുക്കളെ കരുതിയിരിക്കുക... ആണും പെണ്ണും..... നല്ല എഴുത്ത്... ആശംസകള്‍...

    ReplyDelete