Thursday, November 24, 2011

മുല്ലപ്പെരിയാറിലെ ദേശീയത

മുല്ലപ്പെരിയാര്‍ വിഷയം നമ്മുടെ ദേശീയത പ്രകടിപ്പിക്കാന്‍ നല്ലൊരു അവസരമാണ്. കേരളത്തിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ തമിഴ്നാടിനെ എതിര്‍ക്കട്ടെ. തമിഴ്നാടിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ കേരളത്തെ എതിര്‍ക്കട്ടെ.
ങ്ഹാ... എന്താ പറഞ്ഞേ, നമ്മള്‍ ഇന്ത്യക്കാരോ? അതൊക്കെ പിന്നെ. നമ്മള്‍ മനുഷ്യരാണ്, ഇന്ത്യക്കാരാണ് എന്നതിനെക്കാളൊക്കെ ഉപരിയായി ഇപ്പോള്‍ ദേശസ്നേഹം ഉള്ളവരാണെങ്കില്‍ തമിഴര്‍ തമിഴ് നിലപാടിനെ പിന്തുണച്ചേ പറ്റൂ. കേരള നിലപാടിനെ അംഗീകരിക്കുന്ന തമിഴരെ, നിങ്ങള്‍ ദേശദ്രോഹികളാകും, സൂക്ഷിച്ചോ. അതുപോലെ തമിഴ്നാടിനു വെള്ളം കൊടുക്കണമെന്ന് പറയുന്ന മലയാളികളെ, നിങ്ങള്‍ കേരളീയരെന്നു ഞങ്ങള്‍ എങ്ങനെ അംഗീകരിക്കും? നിങ്ങള്‍ ദേശദ്രോഹികളാണ്.
എന്നിട്ട് നമുക്ക് പരസ്പരം യുദ്ധമാകാം. ഇനി നമ്മള്‍ കേരളീയര്‍ എ.പി.ജെ അബ്ദുല്‍ കലാമിനെക്കുറിച്ചു പുകഴ്ത്തിപ്പറയരുത്. കാരണം, അയാള്‍ തമിഴനാണ്. ക്രിക്കറ്റ് കളിക്കാരില്‍ ശ്രീശാന്തിനെ വെറുക്കുകയും അബദ്ധത്തിലെങ്ങാനും ആര്‍. ആശ്വിനെ ഇഷ്ടപ്പെടുകയും ചെയ്‌താല്‍ അതില്‍പ്പരം തെറ്റ് വേറെയുണ്ടോ? നിന്നെ പിന്നെ തമിഴാ എന്ന് ഞങ്ങള്‍ വിളിക്കും. തമിഴരുടെ ബന്ധുക്കള്‍ എവിടെയെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ആ സ്ഥലത്തെ തമിഴ്മുക്ക്‌ എന്ന് വിളിച്ചു ഞങ്ങള്‍ അവഹേളിക്കും. നാം തമിഴരെ പരിഹസിച്ചുകൊണ്ടെയിരിക്കും.
hmmm... പറഞ്ഞിട്ട് എന്‍റെ നാവു പുളിക്കുന്നു.

ഇതാണോ ദേശീയത? എന്താണ് ദേശീയത, ദേശസ്നേഹം? മനുഷ്യത്വത്തിനുപരി, ശരി-തെറ്റുകള്‍ക്കുപരി ഒരു ദേശീയതയുണ്ടോ?

1 comment:

  1. ഇത്തരം പോസ്റ്റുകള്‍ ഡയറിക്കുറിപ്പുകള്‍ പോലെ ബ്ലോഗില്‍ ഒതുങ്ങേണ്ടതല്ല... ബ്ലോഗ്‌ എഴുതുമ്പോള്‍ അത് ആളുകള്‍ വായിക്കണം.. ആളുകള്‍ വായിക്കണമെങ്കില്‍ അത് പ്രോമോട്റ്റ്‌ ചെയ്യണം... സോഷ്യല്‍ മീഡിയകള്‍ ധാരാളം ഉള്ളപ്പോള്‍ അവയെ അതിനു വേണ്ടി ഉപയുക്തമാക്കുക... അഭിവാദ്യങ്ങള്‍...

    ReplyDelete