Thursday, January 20, 2011

വേണ്ടത് തുറന്ന മനസ്സ്

എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് പരസ്പരം സഹകരിച്ചുകൂടാ? എല്ലാവരും ദൈവ വിശ്വാസികള്‍. ചിലര്‍ ദൈവത്തെ അവന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കി യഥാര്‍ഥ വഴിയില്‍ വണങ്ങി അനുസരിച്ചു ജീവിക്കുന്നു, മറ്റുള്ളവര്‍ മറ്റു വഴികളിലും. (അതെങ്ങനെയെന്നും എന്തുകൊണ്ടെന്നും പിന്നീട് പറയാം.) പക്ഷെ എല്ലാവരും ദൈവ വിശ്വാസികളാണ്. എന്നിട്ടും എന്തിനാണ് ദേശ-വര്‍ഗ-വര്‍ണ്ണ-ഭാഷാ വ്യത്യാസങ്ങളുടെ പേരില്‍ അവര്‍ പരസ്പരം കലഹിക്കുന്നത്, കൊല്ലുന്നത്? ഇത് പറയുമ്പോള്‍ നിരീശ്വര-യുക്തിവാദ-കമ്മ്യൂണിസ്റ്റുകള്‍ ചിരിക്കുന്നുണ്ടാവാം. കാരണം മതസ്പര്‍ദ്ധ അവര്‍ക്ക് മുതല്‍ക്കൂട്ടാണല്ലോ. പക്ഷെ നമ്മുടെ നാട്ടില്‍ മത കൊലപാതകങ്ങളാണോ മതേതര കൊലപാതകങ്ങളാണോ കൂടുതല്‍ നടന്നിട്ടുള്ളത് എന്ന് പഠിച്ചാല്‍ സ്വാഭാവികമായും ആ ചിരി മായും. പക്ഷെ ഈ നിരീശ്വര വാദികള്‍ നന്നായി ഉരുളാന്‍ പഠിച്ചവരാണ്.

എന്തിനു വേണ്ടിയാണ് ഒരു മതക്കാര്‍ മറ്റു മതക്കാരെ ആക്രമിക്കുന്നത്? അതിനു പല കാരണങ്ങള്‍ ഉണ്ടാവാം. ഒന്നുകില്‍ അവരുടെ മതം ശരിയല്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസം ശരിയല്ല, അതുമല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ അന്ധവിശ്വാസികളാകാം, കപട വിശ്വാസികളുമാവാം. എങ്ങനെ ആയാലും മിക്കപ്പോഴും പൊതു സമൂഹം ഈ അക്രമികളുടെ മതത്തിലെക്കാണ് നോക്കുന്നത്. ഇത്തരം ചിന്തകളുള്ള മതങ്ങള്‍ നമ്മുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ട് ആ നോട്ടത്തില്‍ അര്‍ത്ഥമില്ല. അപ്പോള്‍ സമൂഹം ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് എടുക്കേണ്ടത്? ഓരോ മതസമൂഹവും തങ്ങളുടെ ഇടയിലുള്ള ഇത്തരം ക്രിമിനലുകളെ പുറന്തള്ളിയാല്‍തന്നെ ഒരുവിധം പ്രശ്നങ്ങള്‍ ഒതുങ്ങും. നമുക്ക് വ്യക്തമായി അറിയാം, ഇത്തരക്കാര്‍ ആരൊക്കെയാണെന്ന്. എങ്കിലും നമ്മളും മാധ്യമങ്ങളും കണ്ണടക്കുന്നു. എന്നിട്ടോ, ജമാഅത്തെ ഇസ്‌ ലാമിയെ പോലുള്ളവരെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു. ഈ സംഘത്തെ എടുത്തു പറയാന്‍ കാരണം ഇവരെ നന്നായി അനുഭവിച്ചിട്ടുള്ളത്കൊണ്ടാണ്.

എല്ലാവരും ഉറച്ച ഒരു തീരുമാനത്തിലെത്തട്ടെ, മാനസികമായിപോലും തങ്ങള്‍ ഒരിക്കലും തീവ്രവാദികളെ പിന്തുണക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യില്ലെന്ന്, അവര്‍ ഏതു മത വിഭാഗത്തിലോ പാര്‍ട്ടിയിലോ പെടുന്നവരാകട്ടെ. അതിനാദ്യമായി ചെയ്യേണ്ടത് ആരൊക്കെയാണ് തീവ്രവാദികളെന്നു തിരിച്ചറിയുകയാണ്. നമ്മുടെ ഇടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കൂട്ടരുണ്ട്. ചിലര്‍ ബാഹ്യമായി അത് വിളിച്ചു പറയും. മറ്റുചിലര്‍ ഇവരുടെ മറവില്‍ നിന്നുകൊണ്ട് ഇക്കൂട്ടരെ എതിര്‍ക്കും, സ്ഫോടനങ്ങള്‍ നടത്തും. എല്ലാം നമുക്ക് ദോഷം തന്നെ.

No comments:

Post a Comment