Thursday, November 24, 2011

മുല്ലപ്പെരിയാറിലെ ദേശീയത

മുല്ലപ്പെരിയാര്‍ വിഷയം നമ്മുടെ ദേശീയത പ്രകടിപ്പിക്കാന്‍ നല്ലൊരു അവസരമാണ്. കേരളത്തിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ തമിഴ്നാടിനെ എതിര്‍ക്കട്ടെ. തമിഴ്നാടിന്റെ മക്കള്‍ തങ്ങളുടെ ദേശത്തോട് കൂറുള്ളവരാണെങ്കില്‍ കേരളത്തെ എതിര്‍ക്കട്ടെ.
ങ്ഹാ... എന്താ പറഞ്ഞേ, നമ്മള്‍ ഇന്ത്യക്കാരോ? അതൊക്കെ പിന്നെ. നമ്മള്‍ മനുഷ്യരാണ്, ഇന്ത്യക്കാരാണ് എന്നതിനെക്കാളൊക്കെ ഉപരിയായി ഇപ്പോള്‍ ദേശസ്നേഹം ഉള്ളവരാണെങ്കില്‍ തമിഴര്‍ തമിഴ് നിലപാടിനെ പിന്തുണച്ചേ പറ്റൂ. കേരള നിലപാടിനെ അംഗീകരിക്കുന്ന തമിഴരെ, നിങ്ങള്‍ ദേശദ്രോഹികളാകും, സൂക്ഷിച്ചോ. അതുപോലെ തമിഴ്നാടിനു വെള്ളം കൊടുക്കണമെന്ന് പറയുന്ന മലയാളികളെ, നിങ്ങള്‍ കേരളീയരെന്നു ഞങ്ങള്‍ എങ്ങനെ അംഗീകരിക്കും? നിങ്ങള്‍ ദേശദ്രോഹികളാണ്.
എന്നിട്ട് നമുക്ക് പരസ്പരം യുദ്ധമാകാം. ഇനി നമ്മള്‍ കേരളീയര്‍ എ.പി.ജെ അബ്ദുല്‍ കലാമിനെക്കുറിച്ചു പുകഴ്ത്തിപ്പറയരുത്. കാരണം, അയാള്‍ തമിഴനാണ്. ക്രിക്കറ്റ് കളിക്കാരില്‍ ശ്രീശാന്തിനെ വെറുക്കുകയും അബദ്ധത്തിലെങ്ങാനും ആര്‍. ആശ്വിനെ ഇഷ്ടപ്പെടുകയും ചെയ്‌താല്‍ അതില്‍പ്പരം തെറ്റ് വേറെയുണ്ടോ? നിന്നെ പിന്നെ തമിഴാ എന്ന് ഞങ്ങള്‍ വിളിക്കും. തമിഴരുടെ ബന്ധുക്കള്‍ എവിടെയെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ആ സ്ഥലത്തെ തമിഴ്മുക്ക്‌ എന്ന് വിളിച്ചു ഞങ്ങള്‍ അവഹേളിക്കും. നാം തമിഴരെ പരിഹസിച്ചുകൊണ്ടെയിരിക്കും.
hmmm... പറഞ്ഞിട്ട് എന്‍റെ നാവു പുളിക്കുന്നു.

ഇതാണോ ദേശീയത? എന്താണ് ദേശീയത, ദേശസ്നേഹം? മനുഷ്യത്വത്തിനുപരി, ശരി-തെറ്റുകള്‍ക്കുപരി ഒരു ദേശീയതയുണ്ടോ?

Tuesday, November 1, 2011

പരസ്യമാക്കുന്ന രഹസ്യങ്ങള്‍





ഈയിടെയായി കാണുന്ന വാര്‍ത്തകള്‍, അദ്ഭുതം തന്നെ. "ഒളിച്ചോടിയ കാമുകീ കാമുകന്മാരെ പിടികൂടി, കാമുകനെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുത്തു." "സ്ത്രീ പീഡനം: യുവാവ് അറസ്റ്റില്‍, മൂന്നു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നു." "ലോഡ്ജില്‍ അനാശാസ്യം: യുവാവിനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു."
എന്താണ് ഈ സ്ത്രീ പീഡനം? എന്താണ് അനാശാസ്യം? ഇതൊന്നുമറിയാത്തവരാണോ  നമ്മുടെ നീതിപാലകര്‍? ഒരു സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിച്ചാല്‍, ബന്ധപ്പെട്ടാല്‍, ഒളിച്ചോടിയാല്‍ അതെങ്ങനെ സ്ത്രീ പീഡനമാകും? ശിക്ഷിക്കുമ്പോള്‍ ഒരാളെമാത്രം എങ്ങനെ ശിക്ഷിക്കും? തെറ്റ് ചെയ്യുന്ന പുരുഷന്റെ മാത്രം പേര് പുറത്തുപറഞ്ഞാല്‍ മതിയോ? അതെ 'അവകാശം' സ്ത്രീക്കും വേണ്ടേ? ഇരയുടെ കാര്യത്തില്‍ മാത്രമാണ് പേര് വെളിപ്പെടുത്താതിരിക്കെണ്ടത്. ഇവിടെ ഇരയല്ലല്ലോ.
         പിന്നെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പെരുകുന്ന പീഡന വാര്‍ത്തകള്‍. എന്തുകൊണ്ടാകാം ഈ വര്‍ധന? സമൂഹത്തിന്റെ സാംസ്കാരികാവബോധം കുറയുന്നത് ഒരു കാരണമാണ്. ഈ സ്ത്രീകളുടെ വസ്ത്രത്തിന്റെ വലിപ്പത്തില്‍ വന്ന കുറവും ഒരു കാരണമല്ലേ? മറയ്ക്കുന്നതിനു പകരം തുറന്നിടലാണല്ലോ ഇപ്പോള്‍ ഫാഷന്‍. യുവാക്കള്‍ പാന്റ്സ് താഴ്ത്തി ധരിച്ച് അടിവസ്ത്രം കാണിക്കുന്നതിനെതിരെ പോലിസ് നടപടിയെടുക്കുന്നു എന്ന് കേട്ടു. പക്ഷെ ഒരിടത്തും യുവതികള്‍ ശരീരമോ അടിവസ്ത്രമോ കാട്ടുന്നതിനെതിരെ നടപടിയെടുത്തതായി അറിവില്ല. നമ്മുടെ നാട്ടില്‍ തന്നെ വെറുതെ ഒന്ന് നോക്കൂ, എത്ര കാഴ്ചകള്‍ കാണാം. സിനിമയിലും പരസ്യങ്ങളിലും പുരുഷന്മാര്‍ പൂര്‍ണ്ണവസ്ത്ര ധാരികളാകുമ്പോള്‍ സ്ത്രീകളുടെ വേഷം എന്താണ്? (വെറുതെ സന്തോഷ്‌ പണ്ഡിറ്റിനെ മാത്രം പറയേണ്ടതില്ല).അല്ല, കൂടുതലും ആണുങ്ങളാണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ഈ യുവതികളുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതുപോലും ആണുങ്ങളാകും. അപ്പോള്‍ ഇങ്ങനെയൊക്കെയല്ലേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇങ്ങനെ അല്‍പ വസ്ത്രധാരികളായി നടക്കുന്ന സ്ത്രീകളുള്ള ലോകത്ത് പീഡനം വര്‍ധിക്കാതിരിക്കുന്നതെങ്ങനെ? സാരി പോലും നന്നായി ധരിച്ചില്ലെങ്കില്‍ വൃത്തികെട് തന്നെ. ഉള്ളിലുള്ളത് കാണാന്‍ കഴിയുന്ന വസ്ത്രമാണെങ്കില്‍ ഇവര്‍ പിന്നെ ഇതൊക്കെ ഇത്ര കഷ്ടപ്പെട്ട് ധരിക്കുന്നതെന്തിനാണ്?
          പുരുഷന്മാര്‍ ശരീര പ്രദര്‍ശനം നടത്തുന്നതിനേക്കാള്‍ ആപല്‍ക്കരമാണ് സ്ത്രീകളുടെ പ്രദര്‍ശനം. സ്ത്രീപീടനമാണ് പ്രശ്നം, അല്ലാതെ പുരുഷന്മാര്‍ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നു? പണ്ട് ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. പൂവാലന്മാരെ പിടിക്കാനായി ഒരു പോലിസ് സ്ത്രീ വേഷം ധരിച്ചു സ്ത്രീ ചെഷ്ടകളുമായി ബസ്‌ സ്റ്റോപ്പില്‍ കാത്തുനിന്നതും പൂവാലന്മാരെ പിടിച്ചതും. പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ അപൂര്‍വ്വം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല തെറ്റ്, അത് കൊടുക്കുന്നതും തെറ്റാണ്. കൊച്ചു കുട്ടികള്‍ മുതലുള്ളവരുടെ കാര്യത്തില്‍ മാതാക്കള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും അച്ഛന്മാര്‍ കൂടി പീടകരാകുമ്പോള്‍. അതിനു കൂട്ട് നില്‍ക്കുന്ന അമ്മമാര്‍ ഇവിടെ ഒരു ചര്‍ച്ചയും അര്‍ഹിക്കുന്നില്ല.
           ഇന്ന് രാവിലെ (31.10.2011, തിങ്കള്‍) ആലപ്പുഴ നിന്നും ചെങ്ങന്നൂരിലെക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ തിരുവല്ലയ്ക്കു വരവേ ബസ്സില്‍ കണ്ട ഒരു ചെറിയ സംഭവം. കണ്ടക്ടര്‍ മുമ്പില്‍ സ്ത്രീകളുടെ ഭാഗത്ത് ടിക്കറ്റ് കൊടുത്ത ശേഷം പിറകിലേക്ക് വരുമ്പോള്‍ ഒരു സ്ത്രീ കുറുകെ നില്കുന്നു. അവര്‍ക്ക് വലതുഭാഗത്തെക്ക് മാറാന്‍ ഇടമുണ്ടായിട്ടും ഒരു ഭാവഭെദവുമില്ലാതെ മാര്‍ഗതടസ്സമായി നില്‍ക്കുകയാണ്. കുറച്ചു സമയത്തെ കബടികളിക്ക് ശേഷം വലത്തെക്കുതന്നെ അപ്രിയത്തോടെ ഒതുങ്ങി. കണ്ടക്ടര്‍ പോയശേഷം വീണ്ടും തഥൈവ. കാറ്റില്‍ അവരുടെ സാരിത്തലപ്പ് താനേ വഴിമാറി. വിശാലമായ വയറും പുറവും പൊതുദര്‍ശനത്തിനായി വെച്ച് അവര്‍ യാത്രയിലാണ്. ചമ്പക്കുളം എത്താനായപ്പോഴാണ് മഹത്തായ ആ കാഴ്ച കണ്ടത്. അടുത്തിരുന്ന, ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്തിരുന്ന യുവതി ആ സ്ത്രീയുടെ സാരിത്തലപ്പ്‌ നേരെ പിടിച്ചു വെക്കുന്നു. എന്നിട്ടും അവര്‍ക്ക് യാതൊരു അനക്കവുമില്ലെന്നുള്ളത് വേറെ കാര്യം.

പ്രലോഭനങ്ങളുമായി സ്ത്രീ ജനങ്ങള്‍ പരക്കം പായുമ്പോള്‍ പുരുഷന്മാരെ മാത്രം കുറ്റം പറയണോ?

Saturday, March 19, 2011

നമ്മള്‍.

അനന്തരം, തുടിക്കുന്നൊ-
രോളങ്ങള്‍ നോക്കി
നിന്നോര്‍മ്മയില്‍ മയങ്ങി
ഞാനിരുന്നു.

(എന്‍റെ പോളിയിലെ കവിതാ മത്സരത്തില്‍, മത്സരത്തിനുപരിയായി ഞാനെഴുതിയ കവിത.)

എന്‍റെ 'പോളി'ക്കുട്ടിക്ക്..

അറിയുമോ നിനക്കെന്നെ
നമ്മളൊന്നായിരുന്നു
നിനയ്ക്കാതിരിക്കവേ
കാലം കടന്നുപോയി.
എന്നോ ഒരിക്കല്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഒന്നല്ല നമ്മളൊന്നാകില്ല വീണ്ടും.

ഇന്നൊരു കനലായി
നീയെന്നിലെരിയുമ്പോള്‍
ഹൃദയത്തില്‍ കുളിരായി
നിന്നോര്‍മകള്‍ പെയ്യുന്നു.
പൊന്മകള്‍ക്കവകാശി
പതിയായി വന്നാലും
അമ്മ തന്‍ സ്നേഹത്തിന്ന-
റുതിയുണ്ടാകുമോ.
മാതൃത്വമാര്‍ക്കാണ്, എനിക്കോ നിനക്കോ
നഷ്ടബോധത്തിലെന്‍ മനമുരുകീടുമ്പോള്‍.

ഇത്രമേല്‍ ഞാന്‍ നിന്നെ
സ്നേഹിച്ചുവെന്നാലും
അക്കാലമിനിയും
പുനര്‍ജനിച്ചീടുമോ.
ഇല്ല, നിനക്കൊരിടവുമെന്‍ മനതാരില്‍
ചാങ്ങാതികളിവര്‍ എനിക്കില്ലായിരുന്നെങ്കില്‍‍...

Wednesday, February 9, 2011

ഗവ. പൊളി ടെക്നിക്ക്, വെണ്ണിക്കുളം. GPTV

ഗവ. പൊളി ടെക്നിക്ക്, വെണ്ണിക്കുളം.
എന്നുമെന്റെ ഓര്‍മ്മകളിലെ നഷ്ട സ്വപ്നം...
ഇന്നും ഒരു നൊമ്പരമായി ആ ഓര്‍മ്മകള്‍.
ആ കാറ്റിന്റെ സുഗന്ധം
ഇനിയും ആസ്വദിക്കാന്‍ ആകുമോ?
ഇല്ലെന്ന യാഥാര്‍ത്യം തിരിച്ചറിയുമ്പോഴും
പകല്‍സ്വപ്‌നങ്ങള്‍ക്കുണ്ടോ വിലക്കുകള്‍?
ഓട്ടോഗ്രാഫിലെ വരി കള്‍ക്കിടയിലും
നഷ്ടമാകുന്നുവോ ആ ആത്മബന്ധം..
എന്റെയീ നൊമ്പരം
പറഞ്ഞിരിക്കുമ്പോഴും
ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും ഞാന്‍?


ഹോ.. എനിക്ക് വയ്യ. എന്റെയൊരു കാര്യം...

Thursday, January 20, 2011

വേണ്ടത് തുറന്ന മനസ്സ്

എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് പരസ്പരം സഹകരിച്ചുകൂടാ? എല്ലാവരും ദൈവ വിശ്വാസികള്‍. ചിലര്‍ ദൈവത്തെ അവന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കി യഥാര്‍ഥ വഴിയില്‍ വണങ്ങി അനുസരിച്ചു ജീവിക്കുന്നു, മറ്റുള്ളവര്‍ മറ്റു വഴികളിലും. (അതെങ്ങനെയെന്നും എന്തുകൊണ്ടെന്നും പിന്നീട് പറയാം.) പക്ഷെ എല്ലാവരും ദൈവ വിശ്വാസികളാണ്. എന്നിട്ടും എന്തിനാണ് ദേശ-വര്‍ഗ-വര്‍ണ്ണ-ഭാഷാ വ്യത്യാസങ്ങളുടെ പേരില്‍ അവര്‍ പരസ്പരം കലഹിക്കുന്നത്, കൊല്ലുന്നത്? ഇത് പറയുമ്പോള്‍ നിരീശ്വര-യുക്തിവാദ-കമ്മ്യൂണിസ്റ്റുകള്‍ ചിരിക്കുന്നുണ്ടാവാം. കാരണം മതസ്പര്‍ദ്ധ അവര്‍ക്ക് മുതല്‍ക്കൂട്ടാണല്ലോ. പക്ഷെ നമ്മുടെ നാട്ടില്‍ മത കൊലപാതകങ്ങളാണോ മതേതര കൊലപാതകങ്ങളാണോ കൂടുതല്‍ നടന്നിട്ടുള്ളത് എന്ന് പഠിച്ചാല്‍ സ്വാഭാവികമായും ആ ചിരി മായും. പക്ഷെ ഈ നിരീശ്വര വാദികള്‍ നന്നായി ഉരുളാന്‍ പഠിച്ചവരാണ്.

എന്തിനു വേണ്ടിയാണ് ഒരു മതക്കാര്‍ മറ്റു മതക്കാരെ ആക്രമിക്കുന്നത്? അതിനു പല കാരണങ്ങള്‍ ഉണ്ടാവാം. ഒന്നുകില്‍ അവരുടെ മതം ശരിയല്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസം ശരിയല്ല, അതുമല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ അന്ധവിശ്വാസികളാകാം, കപട വിശ്വാസികളുമാവാം. എങ്ങനെ ആയാലും മിക്കപ്പോഴും പൊതു സമൂഹം ഈ അക്രമികളുടെ മതത്തിലെക്കാണ് നോക്കുന്നത്. ഇത്തരം ചിന്തകളുള്ള മതങ്ങള്‍ നമ്മുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ട് ആ നോട്ടത്തില്‍ അര്‍ത്ഥമില്ല. അപ്പോള്‍ സമൂഹം ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് എടുക്കേണ്ടത്? ഓരോ മതസമൂഹവും തങ്ങളുടെ ഇടയിലുള്ള ഇത്തരം ക്രിമിനലുകളെ പുറന്തള്ളിയാല്‍തന്നെ ഒരുവിധം പ്രശ്നങ്ങള്‍ ഒതുങ്ങും. നമുക്ക് വ്യക്തമായി അറിയാം, ഇത്തരക്കാര്‍ ആരൊക്കെയാണെന്ന്. എങ്കിലും നമ്മളും മാധ്യമങ്ങളും കണ്ണടക്കുന്നു. എന്നിട്ടോ, ജമാഅത്തെ ഇസ്‌ ലാമിയെ പോലുള്ളവരെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു. ഈ സംഘത്തെ എടുത്തു പറയാന്‍ കാരണം ഇവരെ നന്നായി അനുഭവിച്ചിട്ടുള്ളത്കൊണ്ടാണ്.

എല്ലാവരും ഉറച്ച ഒരു തീരുമാനത്തിലെത്തട്ടെ, മാനസികമായിപോലും തങ്ങള്‍ ഒരിക്കലും തീവ്രവാദികളെ പിന്തുണക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യില്ലെന്ന്, അവര്‍ ഏതു മത വിഭാഗത്തിലോ പാര്‍ട്ടിയിലോ പെടുന്നവരാകട്ടെ. അതിനാദ്യമായി ചെയ്യേണ്ടത് ആരൊക്കെയാണ് തീവ്രവാദികളെന്നു തിരിച്ചറിയുകയാണ്. നമ്മുടെ ഇടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇക്കൂട്ടരുണ്ട്. ചിലര്‍ ബാഹ്യമായി അത് വിളിച്ചു പറയും. മറ്റുചിലര്‍ ഇവരുടെ മറവില്‍ നിന്നുകൊണ്ട് ഇക്കൂട്ടരെ എതിര്‍ക്കും, സ്ഫോടനങ്ങള്‍ നടത്തും. എല്ലാം നമുക്ക് ദോഷം തന്നെ.

Monday, January 10, 2011

തീവ്രവാദം: പൊതു ധാരണകള്‍ തിരുത്തേണ്ടിയിരിക്കുന്നു.

ഒന്നുമില്ല, നാമൊക്കെയും അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന ചില വസ്തുതകള്‍. മീഡിയ നമ്മില്‍ അടിച്ചേല്‍പ്പിച്ച ചില ധാരണകള്‍. അവ തിരുത്താന്‍ സമയമായി. സത്യമെന്ന് മീഡിയ നമ്മോടു പറഞ്ഞതും നാം കൊണ്ട് നടന്നതുമായ ചില സംഭവങ്ങള്‍, അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതിയവര്‍, അതങ്ങനെതന്നെയാവണം എന്ന നമ്മുടെ നിര്‍ബന്ധത്താല്‍ മുള്‍മുനയില്‍ നില്‍ക്കേണ്ടിവന്ന ഒരു സമുദായം- ഇതെല്ലാം നമുക്കെങ്ങനെ മറക്കാനാകും? നാം ഇനിയെങ്കിലും സത്യം സധീരം വിളിച്ചു പറയേണ്ട സമയമായി.
ഇതാണ് സത്യമെന്ന് വിളിച്ചുപറഞ്ഞ ചില മാധ്യമങ്ങളെയും നാം തീവ്രവാദികളുടെ കൂട്ടത്തില്‍ പെടുത്തി, രാജ്യ ദ്രോഹികളാക്കി. ഇപ്പോഴിതാ, കുറ്റവാളികള്‍ തന്നെ വിളിച്ചു പറയുന്നു തങ്ങളാണ് തെറ്റുകാരെന്ന്, രാജ്യ സ്നേഹത്തെപ്പറ്റിയും ദേശ ദ്രോഹികളായ സമുദായത്തെ നശിപ്പിക്കെണ്ടതിനെക്കുറിച്ചും ഘോര ഘോരം ഉദ്ഘോഷിച്ചിരുന്നവരാണ് അതിന്‍റെ പിന്നിലെന്നും. ഇനിയും അവര്‍ രാജ്യസ്നേഹം വിളമ്പുമോ?
എന്തായിരുന്നു നമ്മുടെ അവസ്ഥ? ഒരു സ്ഫോടനമുണ്ടായാല്‍ അതിനുമുന്‍പ്‌ തന്നെ നാം കുറ്റവാളികളെ തീരുമാനിച്ചു കഴിഞ്ഞിരിക്കും. ഒന്നുകില്‍ ഐ.എസ്.ഐ അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അറബിപ്പേരുകള്‍. ചില സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമന്ത് കര്‍ക്കരെയേ നമുക്ക് ഒരു മാനദണ്ഡം ആക്കാം. സ്ഫോടനങ്ങള്‍- കര്‍ക്കരെക്ക് മുന്‍പും ശേഷവും.മുന്‍പ് എന്നും സ്ഫോടനങ്ങള്‍ ആയിരുന്നു. പക്ഷെ അതിനു ശേഷം വിരലിലെണ്ണാവുന്നവ മാത്രം. മുന്പുള്ളതിനെ അപേക്ഷിച്ചു നോക്കിയാല്‍ ഇല്ലെന്നു തന്നെ പറയാം. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം?
ഈ 'രാജ്യസ്നേഹികളും' ഐ.എസ്.ഐ യും ലെശ്കരുമെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ തന്നെ. ഇവരെല്ലാം പരസ്പര പൂരകങ്ങളും സഹകാരികളുമാണെന്നാണല്ലോ ഇപ്പോഴത്തെ സൂചന. നാം വിഡ്ഢികള്‍. ഇനിയും ഒരു സ്ഫോടനം സംഭവിക്കാതിരിക്കട്ടെ. ദൈവത്തോട് പ്രാര്‍ഥിക്കാം.